Body, Space, Collective Movement

 


Salvin Proposes, Children Disposes!


താളത്തിലുള്ള ചലനങ്ങളോടെ, എണ്ണങ്ങൾക്ക് അനുസരിച്ച്  ഉള്ള ലളിതമായ ഒരു വ്യായാമം ചെയ്തു കൊണ്ടാണ് രണ്ടാം സെഷൻ തുടങ്ങിയത്. കഴിഞ്ഞ സെഷന്റെ തുടർച്ചയായി ശരീരം, ഇടം എന്ന ദ്വന്ദത്തിലൂടെ കൂടുതൽ സഞ്ചരിക്കുക എന്ന ആശയത്തിൽ ആണ് സെഷൻ പ്ലാൻ ചെയ്തിരുന്നത്. എന്നാ നമുക്ക് കളിച്ചാലോ എന്ന സാൽവിന്റെ ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ആണ് കുട്ടികൾ നൽകിയത്. ബരങ്കട്ടെ , 1234 . കഴിഞ്ഞ പ്രാവശ്യത്തെ കളികൾ വീണ്ടും കളിക്കാനുള്ള കുട്ടികളുടെ ക്ഷണത്തിൽ നിന്നും തഞ്ചത്തിൽ ഒഴിഞ്ഞു മാറി പുതിയ കളിയിലേക്ക് പോകാൻ സാൽവിൻ ശ്രമിച്ചെങ്കിലും കുട്ടികൾ വിട്ടില്ല. ഒടുവിൽ ബരങ്കട്ടെ യും 1234 ഉം തന്നെ എല്ലാവരും കളിച്ചു.  അതു രണ്ടും കഴിഞ്ഞ ശേഷം ദ്വീപ് - ഐലൻഡ് എന്ന ഒരു പുതിയ കളി എല്ലാവരും ചേർന്ന് കളിച്ചു. ചുരുങ്ങി ചുരുങ്ങി വരുന്ന ഒരു ദ്വീപിൽ എല്ലാ കളിക്കാരും ഒതുങ്ങി ഒതുങ്ങി നിൽക്കുക എന്ന വെല്ലുവിളി കുട്ടികൾ ആർപ്പു വിളികളോടെ ഏറ്റെടുത്തു. അടുത്തതായി ഫ്രൂട്ട് സാലഡ് എന്ന കളിയായിരുന്നു. ഈ രണ്ടു കളികളും ശരീരം - ഇടം - ഒരുമിച്ചുള്ള ചലനം (body - space - collective movement) എന്ന പ്രമേയത്തിൽ ഊന്നി ഉള്ളതായിരുന്നു. അവസാനം പറ്റുന്നതിൻറെ ഏറ്റവും ഉച്ചത്തിലുള്ള അലർച്ചകളോടെ  എല്ലാവരും അടുത്ത പ്രാവശ്യം കാണുവാൻ പിരിഞ്ഞു.







ആവർത്തനം, പഠിച്ചത് ഉറപ്പിക്കാനായുള്ള പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു വഴിയാണ്. ആവർത്തിച്ചു എഴുതുക, ആവർത്തിച്ചു വായിക്കുക, ചെയ്യുക എന്നിവ കുട്ടികൾക്ക് കിട്ടുന്ന ഹോം വർക്കിന്റെ നല്ലൊരു ഭാഗം വരും. എന്നാൽ മുതിർന്നവരുടെ നിർദ്ദേശപ്രകാരം ഉള്ള ആവർത്തനം അല്ലാതെ, കുട്ടികൾക്ക് ആവർത്തിക്കാനുള്ള സഹജ വാസന ഉണ്ടോ? കുട്ടികളുടെ സ്വാഭാവികമായ, unstructured ആയ സമയങ്ങളിലെ സ്വഭാവം നിരീക്ഷിക്കുകയാണെങ്കിൽ, ഉവ്വ് എന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും(Suggested google search - repetition in free play). ആവർത്തിക്കാനുള്ള അവസരങ്ങൾ കിട്ടുമ്പോൾ ആ പ്രവർത്തനത്തിൽ അടങ്ങിയിട്ടുള്ള സസൂക്ഷ്മമായ ഘടകങ്ങളിലേക്ക് ശ്രദ്ധ കിനിഞ്ഞിറങ്ങുന്നുണ്ട്. ഇത് അറിവിന്റെ ആഴം കൂട്ടുന്ന ഒരു ക്രിയയാണ്.  ഇതു കൊണ്ടായിരിക്കാം ആവർത്തനം  പ്രകൃതി നിർധാരണത്തിൽ അതിജീവിച്ച ഒരു ഗുണം ആയി മനുഷ്യനിൽ നില നിൽക്കുന്നത്. ആവർത്തിച്ചാവർത്തിച്ചു കേട്ട പാട്ടുകൾ, വായിച്ച പുസ്തകങ്ങൾ, ഏറെക്കാലം  ഇട്ട ഉടുപ്പുകളിലെ നിറവും വരകളും, കളിച്ച കളിപ്പാട്ടങ്ങൾ, കളികൾ എന്നിവ നമ്മുടെ കുട്ടിക്കാലത്തിനെ നിർവചിക്കുന്നു, ചിലപ്പോഴെങ്കിലും.   പുതിയതിനോടുള്ള ആഗ്രഹവും പഴയത് ആവർത്തിക്കാനുള്ള വാസനയും തമ്മിൽ ചേരുമ്പോൾ, പരപ്പും ആഴവും ചേർന്ന  സങ്കീർണ്ണമായ, ആരോഗ്യപരമായ ഒരു  ബാലൻസ് നമ്മുടെ ഉള്ളിൽ ഉണ്ടാവുന്നുണ്ട്. പുതുമയുടെ കൗതുകത്തിനും, തുടർന്നു വരുന്ന “ബോറടി മോൺസ്റ്റർ” ഇനും അപ്പുറം ഈ ശാന്തമായ കടൽ വിശ്രമിക്കുന്നു. അതിൻറെ പരിചിതത്വത്തിൽ നമുക്ക് അഭയവും ആശ്രയവും അർത്ഥവും കണ്ടെത്താം.  

ഉപഭോഗപരതയിൽ അധിഷ്ഠിതമായ ഒരു സംസ്കാരത്തിൽ, കുട്ടിയുടെ ലോകത്തിലേക്ക് പുതിയ കളിപ്പാട്ടങ്ങളും ഉടുപ്പുകളും പുസ്തകങ്ങളും അനുഭവങ്ങളും ഇടിച്ചു കയറുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാവാം?


ഷാർക്‌ ഐലൻഡ് - സെഷന്റെ തുടക്കത്തിലെ വ്യായാമത്തിൻറെ ഭാഗമായി കൂട്ടുകാർ കൈ പിടിച്ച്  വലിയ വൃത്തത്തിലും തുടർന്ന് തീരെ ചെറിയ വൃത്തത്തിലും ചേർന്ന് നിന്നത് ഷാർക്‌ ഐലൻഡിലെ വെല്ലുവിളിക്ക് അവരെ ശാരീരികമായി ഒന്ന് ഒരുക്കാൻ കൂടിയായിരുന്നു. ചുരുങ്ങുന്ന ദ്വീപിൽ  ചേർന്ന് ചേർന്ന്  നിൽക്കുന്ന കുട്ടികളോട് ഒരുമിച്ച് , ആരും വെള്ളത്തിൽ പോകാതെ, നിൽക്കാൻ പറയുമ്പോൾ, ഒരുമിച്ചുള്ള പ്രശ്ന പരിഹാരം തന്നെയാണ് ആവശ്യപ്പെടുന്നത്. പല ക്യാമ്പുകളിലും കളിക്കാറുള്ള ഈ കളിയിൽ കുട്ടികൾ നൂതനമായ പല രീതികളിലും ഈ പ്രശ്നത്തിനെ മറികടക്കാറുണ്ട്. നമ്മുടെ കൊച്ചു കൂട്ടുകാരുടെ പരസ്പര ബന്ധവും വിശ്വാസവും പുരോഗമിക്കുന്നതിനനുസരിച്ചു  അവർ ഈ കളി കളിക്കുന്നതിലും വ്യത്യാസം വരുമായിരിക്കാം. അവരുടെ വേഗത്തിൽ അവർ സഞ്ചരിക്കട്ടെ! ഫ്രൂട്ട് സാലഡ് കളിയിൽ വീണ്ടും കുട്ടികളുടെ ഓർമ്മ ശക്തിയും ഒരുമിച്ച് ചലനങ്ങൾ നിയന്ത്രിക്കാനുള്ള കഴിവും  ഇടത്തിനോട് അച്ചടക്കത്തോടെയും അല്ലാതെയും ഇടപെടാനുള്ള കഴിവും പരീക്ഷിക്കപ്പെട്ടു. അവർ ആവേശത്തോടെ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു,



ഒച്ച വെക്കല്ലെ! മിണ്ടാതിരിക്ക്! സൈലൻസ്! (ചിലപ്പോ ഒരു പ്ലീസ് കൂടെ ഉണ്ടാവും :)) ഇന്നത്തെ കുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു ആജ്ഞ ആണിത്. ഈ ആജ്ഞയോടുള്ള മറുപടിയായി എന്തിനെയാണ് അവർ ഉള്ളിൽ പൂട്ടിയിടുന്നത്? അതിൻറെ വിശ്വരൂപം എന്താണ്? അതിനെ എല്ലാ അനുവാദത്തോടും ആമോദത്തോടും കൂടി തുറന്നങ്ങു വിടുമ്പോൾ അവർ അനുഭവിക്കുന്നത് എന്താവാം?


Comments

Popular posts from this blog

Natural Color Palette

Blindfolded Partnership Activities