ഗ്രൂപ്പിൻറെ ലയം നില നിർത്താൻ കൂടുതലായി പാട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയ സെഷൻ ആയിരുന്നു നാലാമത്തേത്. പരസ്പരം ആശംസിക്കാനും വട്ടത്തിൽ ചേരാനും പാട്ടുകൾ സഹായിച്ചു. ചെറിയ വാം അപ്പോടെ സെഷനുകൾ തുടങ്ങി. എല്ലാവര്ക്കും പരിചിതമായ ചൈനീസ് വിസ്പർ എന്ന കളിയാണ് ആദ്യം കളിച്ചത്. കുട്ടികളെ സംബന്ധിച്ചിടത്തോളം പറയാനുള്ളത് ഒതുക്കി, ഒളിച്ചു പിടിച്ച് , ശബ്ദ നിയന്ത്രണത്തോടെ പറയുക എന്നതും അതീവ ശ്രദ്ധയോടെ കേൾക്കുക എന്നതും ആയിരുന്നു വെല്ലുവിളി. കുറച്ചു മുതിർന്ന കുട്ടികൾ ഇത് നന്നായി ചെയ്തു. ചെറിയ കുട്ടികൾക്ക് ഈ കളി ആവശ്യപ്പെടുന്ന നിയന്ത്രണം ഇനിയും വരേണ്ടിയിരിക്കുന്നു. ഒരാൾ പറഞ്ഞു തുടങ്ങുന്ന കാര്യം വട്ടം ചുറ്റി വരുമ്പോൾ തീർത്തും വ്യത്യസ്തമായ മറ്റൊരു കാര്യമായി തീരുന്നു. ഇതിനോട് പല തരത്തിൽ പ്രതികരിക്കാം. ചിലപ്പോൾ അതൊരു വലിയ തമാശയായി മാറാം. ചിലപ്പോൾ അത് അരിശം സൃഷ്ടിക്കാം. ശ്ശെ ഞാൻ പറഞ്ഞത് ഇതേ അല്ലല്ലോ എന്ന്. ആഗ്രഹിക്കുന്ന പോലെ കേൾക്കപ്പെടുക (to be seen, to be heard) എന്നത് നമ്മുടെ ഒരു അടിസ്ഥാനപരമായ ആവശ്യം തന്നെയാണ്. കേൾക്കപ്പെടുന്നില്ല എന്ന് തോന്നുമ്പോൾ വീണ്ടും ശ്രമിക്കാൻ ഹ്യൂമർ നമ്മളെ സഹായിച്ചേക്കാം.
അഭിനയം/ അവതരണം എന്ന വിഷയത്തെ കുറച്ചുകൂടെ ഗൗരവമായും പടി പടിയായും സമീപിച്ച ഒരു ശ്രമമായിരുന്നു ഷരേഡ്സ്. സെഷൻ 4 ഇൽ ലളിതമായി തുടങ്ങിയ ഈ കളി സെഷൻ 5 ഇൽ കുറച്ചു കൂടെ ഗൗരവം ഉള്ളതായിരുന്നു. ആദ്യം എല്ലാവരും വട്ടത്തിൽ ഇരുന്ന്, മൃഗങ്ങളുടെ ചിത്രങ്ങളുള്ള ഒരു സെറ്റ് കാർഡുകളിൽ നിന്നും ഓരോന്ന് എടുത്ത്, അഭിനയത്തിലൂടെ ആ മൃഗം ഏതെന്നു ഗ്രൂപ്പിനെ കാണിക്കുന്നതിൽ തുടങ്ങി തുടർന്ന് കൂടുതൽ സ്ഥലവും ചലനങ്ങളും ഉപയോഗിച്ചും വ്യത്യസ്തമായ ക്രിയകൾ (പാട്ടു പാടൽ, പല്ലു തേയ്‌ക്കൽ, അടിച്ചു വാരൽ etc ) അഭിനയിച്ചും തുടർന്ന കളിയുടെ അവസാനം ഗ്രൂപ്പ് ഒരു സ്റ്റേജ് ഫോർമേഷൻ ഇലേക്ക് വരികയും കുട്ടി ഒരു വശത്തും കാണികൾ മറു വശത്തും എന്ന രീതിയിൽ കുട്ടികൾ അവരവർക്കു കിട്ടിയ കാർഡുകൾ അഭിനയിച്ചു കാണിച്ചു. കളികളിലൂടെ സഭാകമ്പത്തെ അനുഭവിക്കാനും വരുതിയിലാക്കാനും ഉള്ള ആരോഗ്യകരമായ ഒരു ഇടം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്ന് കരുതുന്നു. ഇനിയും ഈ തലത്തിൽ നിന്നും ഇതിനെ മുന്നോട്ടു കൊണ്ട് പോകാനും ഒരു വേദിയിൽ നിന്ന് സ്വന്തം അഭിപ്രായങ്ങളും ക്രിയാത്മകതയും പ്രകടിപ്പിക്കാനും കൊച്ചു കൂട്ടുകാരെ സജ്ജരാക്കുക എന്നത് ഞങ്ങളുടെ ആഗ്രഹം ആണ്.
ഒരു വിടവാങ്ങൽ പാട്ടോടു കൂടി , സാധിക്കാവുന്നതിന്റെ പരമാവധി ഉച്ചത്തിലുള്ള ഒരു അലർച്ചയോടു കൂടി ഞങ്ങൾ പിരിഞ്ഞു. അടുത്ത ആഴ്ച വീണ്ടും കാണാൻ.
Comments
Post a Comment