കുട്ടികൾ തമ്മിൽ പരിചയപ്പെടാനുള്ള ഒരു ഐസ് ബ്രേക്കിംഗ് ഗെയിം ആയിരുന്നു ആദ്യം. “ബാരങ്കട്ടെ” എന്ന ഈ കളിയിൽ കുട്ടികൾ ആദ്യം കൈകൾ ചേർത്ത് പിടിച്ചു വലിയ ഒരു വട്ടം ഉണ്ടാക്കുകയും “ബാരങ്കട്ടെ” എന്ന വായ്ത്താരിപ്പാട്ടിന് ഒപ്പം രസകരമായ ചലനങ്ങളോടെ ശരീരം അനക്കുക യും ചെയ്യുന്നു. പരസ്പരം ഉള്ള സ്പര്ശനം ആദ്യം കൈ പിന്നീട് തല, തോൾ, മൂക്ക് എന്നിങ്ങനെ പതുക്കെ അടുത്തടുത്ത് വരികയും ഒടുവിൽ വൃത്തം ഒരു പരസ്പര ആലിംഗനത്തോളം ചെറുതാവുകയും ചെയ്യുന്നു.
പിന്നീട് എല്ലാവരും വട്ടത്തിൽ ഇരുന്ന് “കൂട്ട് വേണം” എന്ന കളി കളിച്ചു. ഇതും പരസ്പരം അടുക്കാനും പേരുകൾ മനസ്സിലാക്കാനും ഉള്ള ഒരു കളിയായിരുന്നു. കൈകൾ ചേർത്ത് പിടിച്ചും മത്സരിച്ചു സ്ഥലം പിടിക്കാൻ ഓടിയും കുട്ടികൾ ഉത്സാഹത്തോടെ കളിയിൽ പങ്കു ചേർന്നു.
അടുത്ത കളി കുറച്ചു കൂടി challenging ആയിരുന്നു. സാൽവിൻ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള സംഖ്യകൾക്ക് അനുസരിച്ചു ചെയ്യേണ്ട കാര്യങ്ങളിടെ ഒരു ലിസ്റ്റ് പറഞ്ഞു. ഒന്ന് എന്ന് പറയുമ്പോൾ വളരെ പതുക്കെ നടക്കുക. രണ്ട് - സാധാരണ വേഗത്തിൽ നടക്കുക , മൂന്ന് വളരെ വേഗത്തിൽ നടക്കുക, നാല് ചാടുക , അഞ്ച് freeze ചെയ്യുക അങ്ങനെ. ഇത് പാടി പടിയായി 12 കാര്യങ്ങൾ വരെ എത്തിയതോടെ കുട്ടികൾ വളരെ ശ്രദ്ധിച്ചും ഓർമിച്ചും തെറ്റുമ്പോൾ അറഞ്ഞു ചിരിച്ചും വീണ്ടും ശ്രമിച്ചും വളരെ ആവേശത്തോടെ കളിയിൽ പങ്കു ചേർന്നു.
ചില ചിന്തകൾ:
ശാരീരിക സ്പര്ശനങ്ങൾ വഴിയുള്ള ആശയ വിനിമയം സാധാരണയായി ഒരു ഷേക്ക് ഹാൻഡ് / പുറത്തോ തലയിലോ ഉള്ള ഒരു തലോടൽ എന്നിവയിൽ ഒതുങ്ങാറുണ്ട്. ബാരങ്കട്ടെ എന്ന കളിയിലൂടെ സ്പര്ശനങ്ങളിലൂടെ ഉള്ള അടുപ്പം സ്ഥാപിക്കൽ എന്ന പ്രക്രിയ കുട്ടികൾക്ക് രസകരമായ രീതിയിൽ മുന്നോട്ടു പോവുന്നു. ശരീരവുമായി ബന്ധപ്പെട്ട മാനസികവും സാമൂഹ്യവുമായ വിലക്കുകളെ പരിശോധിക്കാനും കടന്നു പോവാനും ഉള്ള ഒരിടം ഇതിലൂടെ തുറന്നു കിട്ടാം. കൂട്ട് വേണം എന്നത് മനുഷ്യന്റെ ആദിമമായ അഭിവാഞ്ഛയാണ്. ലളിതമായ ഭാഷയിൽ ഇത് അപരനോട് തുറന്നു പറയാൻ സാധിക്കുന്നത് സ്വന്തം ആവശ്യങ്ങളെ മടിക്കാതെ, നാണിക്കാതെ തുറന്നു പറയാൻ ഉള്ള ഒരു ക്ഷണം ആയി കുട്ടികൾ മനസ്സിലാക്കിയേക്കാം.
മനുഷ്യൻ ഏറ്റവും ഫലപ്രദമായ രീതിയിൽ പഠിക്കുന്നത് പഠനത്തിൽ ശരീരം ഒരു ടൂൾ ആയി ഉപയോഗിക്കപ്പെടുമ്പോൾ ആണ് എന്ന് ഗവേഷണങ്ങൾ പറയുന്നുണ്ട്. 12 ഇനങ്ങൾ ഉള്ള ഒരു ലിസ്റ്റ് ഓർമിക്കുകയും അതിനനുസരിച്ചു ശരീര ചലനങ്ങൾ നിയന്ത്രിക്കുകയും ചെയ്യേണ്ടി വരുന്നത് കുട്ടികളുടെ ശാരീരിക/ ബുദ്ധി വികാസത്തിന് സമൃദ്ധമായ ഒരു വെല്ലുവിളി പ്രദാനം ചെയ്യുന്നു. ഓരോ കുട്ടിയുടെയും ചലനങ്ങളെ ഗ്രൂപ്പ് അനുകരിക്കുമ്പോൾ ഒരു ചെറു നിമിഷത്തേക്ക് കുട്ടി ഗ്രൂപ്പിനെ നയിക്കുകയാണ്. “അയ്യോ എല്ലാവരും എന്നെ നോക്കുന്നല്ലോ” എന്ന ആധി അവരെ കീഴ്പ്പെടുത്തുന്നതിനു മുൻപ് കളിമ്പത്തിന്റെ ചിറകിൽ ഏറി അവർ ആ നിമിഷം തരണം ചെയ്യുന്നു. ഗ്രൂപ്പ് കുട്ടിയുടെ ചലനം അനുകരിക്കുമ്പോൾ കുട്ടിയുടെ സർഗ്ഗാത്മകത സ്വീകരിക്കപ്പെടുന്നു.
യാത്ര പറയാൻ ആയി എല്ലാവരും കൈകൾ ചേർത്ത് പിടിച്ചുണ്ടാക്കിയ വലിയ വട്ടം പൊട്ടി പൊട്ടി പോയപ്പോൾ സാൽവിൻ കുട്ടികളോട് ചോദിച്ചു. What do we do in a friends circle? We dont let it break, and we dont let our friends fall down. ഇത് ഒരു ഉദാത്തമായ ദർശനം ആണ്. ഇത് കേട്ട ഒരു കൊച്ചു മിടുക്കി ഉടനെ പറഞ്ഞു. “ അന്നൊരു ദിവസം എന്റെ കൂട്ടുകാരി വീണപ്പോൾ ഞാൻ അവളെ എണീക്കാൻ സഹായിച്ചു.” ഇത്തരം സംഭാഷണങ്ങൾ ആരോഗ്യകരമായ സാമൂഹിക മാതൃകകൾ കുട്ടികളിൽ ഉണർത്താൻ ഉള്ള ക്ഷണങ്ങൾ കൂടി ആണ്.
Comments
Post a Comment